Mar Joseph Kallarangatt
Bishop of Palai, Kerala, India
Bishop's House, Palai
P.B. No. 18
Pala P.O. - 686575
Kottayam, Kerala, India

Phone: 04822-202000
Fax:     04822-211379
Email: aramanapala@gmail.com (Office)
           bpkallarangatt@gmail.com (Personal)
ദളിത്‌ ക്രൈസ്‌തവര്‍ പാലാ രൂപതയുടെ മുഖകാന്തിയുടെ കാരണം

        (ഡി.സി.എം.എസ്‌ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ രാമപുരത്ത്‌ വച്ചു നടത്തിയ സമ്മേളനത്തില്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പിതാവ്‌ നടത്തിയ പ്രസംഗം)
        
രാമപുരം കേരളത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇടവകയും അതിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കോളജ്‌ കാമ്പസുമാണിത്‌. രാമപുരത്തിന്‌ ദൈവം ഈ നാളുകളില്‍ നിരവധി വലിയ ഭാഗ്യങ്ങള്‍ നല്‌കി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ കുഞ്ഞച്ചനെ ഇവിടെ വച്ച്‌ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിക്കുവാന്‍ പരിശുദ്ധ ബനഡിക്‌ട്‌ പിതാവ്‌ നമ്മുടെ സഭാതലവനായിരുന്ന അഭിവന്ദ്യ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവിന്‌ അനുവാദം നല്‌കി എന്നതാണ്‌. സാധാരണഗതിയില്‍ റോമില്‍വച്ചുനടക്കുന്ന വലിയ സഭാശുശ്രൂഷ ഇവിടെ നടത്താനും അതില്‍ പങ്കുചേരാനും ഭാഗ്യം ലഭിച്ചവരാണ്‌ നാമെല്ലാവരും. പിന്നീട്‌ നാമിവിടെവച്ച്‌ വലിയ ഒരു വൈദികസമ്മേളനം (400-ഓളം അച്ചന്മാര്‍ പങ്കെടുത്ത രൂപതാ പ്രസ്‌ബിത്തേരിയം) നടത്തി. 7000-ഓളം വൈദികരും സമര്‍പ്പിതരും പങ്കെടുത്ത മിഷന്‍ മീറ്റ്‌ നടത്തി. അതുപോലുള്ള ഒരു വലിയ കൂടിവരവാണ്‌ ഇപ്പോള്‍ നാം നടത്തുന്ന റാലിയും സമ്മേളനവും. നമ്മളെല്ലാവരും ഒന്നുചേര്‍ന്ന്‌ നടത്തുന്ന ഈ കൂടിവരവ്‌ ചരിത്രപ്രാധാന്യമുള്ളതാണ്‌ എന്നു ഞാന്‍ കരുതുകയാണ്‌. 
        മഹാത്മാ ഗാന്ധിയുടെ ഒരാഗ്രഹം ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ്‌ ഒരു ദളിത്‌ വനിത ആയിരിക്കണം എന്നതായിരുന്നു. അദ്ദേഹം അതിനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. തീവ്രമായി ആഗ്രഹിച്ചിരുന്നു. അത്‌ എളുപ്പത്തില്‍ നടന്നില്ലെങ്കിലും സമാന സ്വഭാവമുള്ള വ്യക്തികള്‍ക്ക്‌ ഇന്ത്യയുടെ ഒന്നാമത്തെ പൗരനാകാനുള്ള അവസരം കിട്ടി. ഞാന്‍ ഇവിടെ അസ്‌തേന്തി ആയിരുന്ന 1982-84 വര്‍ഷങ്ങളില്‍ ഒരിക്കല്‍ കുരിശുപള്ളിക്കല്‍ പ്രാര്‍ത്ഥനാശുശ്രൂഷയ്‌ക്കായി നിന്ന അവസരത്തില്‍ ഒരു കാറില്‍ നമ്മുടെ കെ. ആര്‍. നാരായണന്‍ സാറ്‌ കടന്നുപോയി. അദ്ദേഹം അന്ന ഒരു ഗെവണ്‍മെന്റ്‌ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ അമ്മവീട്‌ ഇതിനോടു ചേര്‍ന്ന ഒരു സ്ഥലമാണ്‌. അപ്പോള്‍ രാമപുരംകാരായ രണ്ടു ചേട്ടന്മാര്‍ എന്നോടു പറഞ്ഞു: ഭാഗ്യമുണ്ടെങ്കില്‍ ഇന്ത്യയുടെ പ്രസിഡന്റാണ്‌ കടന്നുപോകുന്നത്‌. ഞാന്‍ കെ. ആര്‍. നാരായണന്‍ സാറിനെക്കുറിച്ച്‌ അന്നധികം കേട്ടിട്ടില്ല. വായിച്ചിട്ടില്ല. അപ്പോള്‍ രാമപുരംകാരായ അവര്‍ പറഞ്ഞു. അദ്ദേഹം വലിയ ആളാണ്‌. ഓക്‌സ്‌ഫോര്‍ഡിലൊക്കെ പോയി പഠിച്ച ആളാണ്‌. അദ്ദേഹം തീര്‍ച്ചയായും ഒരിക്കല്‍ നമ്മുടെ പ്രഥമ പൗരനാകും എന്നു അവര്‍ പറഞ്ഞത്‌ ഈ അവസരത്തില്‍ ഞാന്‍ ഓര്‍ത്തുപോവുകയാണ്‌. 
        നമുക്ക്‌ ദൈവാനുഗ്രഹസമ്പന്നമായ രീതിയില്‍ ഒന്നിച്ചുകൂടാനും അദ്ധ്വാനശീലരായ ഈ ജനവിഭാഗത്തോടൊത്ത്‌ ആയിരിക്കുവാനും സാധിച്ചത്‌ വലിയ കാര്യമായി ഞാന്‍ കരുതുന്നു. നമ്മുക്ക്‌ പറമ്പും പണവും ഉണ്ട്‌ എന്നു അഭിമാനം കൊള്ളുന്ന നമ്മുടെ സാമ്പത്തിക ഭദ്രതയ്‌ക്കും ഉയര്‍ച്ചയ്‌ക്കും നമ്മുടെ കൃഷിയിടങ്ങള്‍ നല്ല വിളസമൃദ്ധമായ രീതിയില്‍ കൃഷിചെയ്‌ത്‌ ഫലം തരുന്നതിനും നമ്മുടെ ദൈവാലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിലുമെല്ലാം വലിയ പങ്ക്‌ വഹിക്കുന്നവര്‍ അദ്ധ്വാനിക്കുന്നദളിത്‌ ക്രൈസ്‌തവരാണ്‌ എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഇന്നു നമ്മള്‍ കാണുന്ന ഈ അഭിവൃദ്ധിക്കുള്ള വലിയ കാരണം ഡിസിഎംഎസുകാരാണ്‌. അവരുടെയിടയില്‍ നല്ല കര്‍ഷകരുണ്ട്‌; നല്ല മതാദ്ധ്യാപകരുണ്ട്‌; നല്ല അദ്ധ്യാപകരുണ്ട്‌; നല്ല പ്രേഷിതവേലക്കാരുണ്ട്‌. ഈ സദസ്സ്‌തന്നെ സമ്പന്നമായ പ്രൗഢഗംഭീരമായ ഒന്നാണ്‌. 
        രാമപുരത്തുള്ള എല്ലാ ദളിത്‌ കുടുംബങ്ങളും പലതവണ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. ഇവിടെയുള്ള പലരുമായി എനിക്കു പരിചയവും അടുപ്പവുമുണ്ട്‌. മാതാപിതാക്കളൊക്കെ മരിച്ചുപോയി. എങ്കിലും, യുവതലമുറയില്‍പെട്ടവരോട്‌ സ്‌നേഹബന്ധം കാത്തുസൂക്ഷിക്കുവാന്‍ എനിക്കു പലപ്പോഴും സാധിക്കുന്നുണ്ട്‌. ദൈവവിശ്വാസത്തില്‍ ആഴപ്പെട്ട്‌ മാതൃകാപരമായ ജീവിതം നയിക്കുന്ന കുടുംബങ്ങള്‍ ദളിത്‌ ക്രൈസ്‌തവരുടെ ഇടയില്‍ ഏറെയുണ്ട്‌ എന്നു എടുത്തു പറയാന്‍ അഭിമാനവും സന്തോഷവുമുണ്ട്‌. നമുക്കു എന്തു കിട്ടി എന്നു പലരും ചോദിക്കുമ്പോള്‍ ഞാന്‍ അവരോടു പറയാറുണ്ട്‌ നമുക്കു രണ്ടുപേര്‍ക്കും കിട്ടിയത്‌ ഒന്നുതന്നെയാണ്‌. സത്യസഭയുടെ അംഗമായിരിക്കാന്‍ - പരിശുദ്ധ കത്തോലിക്കാ സഭയുടെ അംഗമായിരിക്കാന്‍ - ഭാഗ്യം ലഭിച്ചു എന്ന വലിയ യാഥാര്‍ത്ഥ്യത്തിലാണ്‌ നമ്മുടെ ഒരുമിപ്പും കൂട്ടായ്‌മയും നാം കാണേണ്ടത്‌. 
        7500-ല്‍ അധികം ഡിസിഎംഎസ്‌ കുടുംബങ്ങള്‍ പാലാ രൂപതയിലുണ്ട്‌. വേറെ ആര്‍ക്കും അവകാശപ്പെടാന്‍ പറ്റാത്ത ഒരു ശക്തിയാണത്‌. 40000-ല്‍ അധികം ഡി.സി.എം.എസ്‌. അംഗങ്ങളുള്ള രൂപതയാണ്‌ നമ്മുടേത്‌. ഇതു നിസ്സാര കാര്യമല്ല. രൂപതയുടെ ഏഴില്‍ ഒന്ന്‌ ഡി.സി.എം.എസുകാരാണ്‌. രൂപതയുടെ മുഖത്തിന്റെ യഥാര്‍ത്ഥത്തിലുള്ള ശോഭയ്‌ക്ക്‌ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്‌ ശക്തമായ ദളിത്‌ സഹോദരങ്ങളുടെ സാന്നിധ്യമാണ്‌. പാലാ ഡി.സി.എം.എസ്‌. എന്നു പറയുന്നത്‌ കരുത്തുറ്റ ഒരു ശക്തിയാണ്‌. രൂപതയുടെ തന്നെ വലിയ ഒരു ശക്തിയാണ്‌. ദളിത്‌ കത്തോലിക്കരില്‍ വളരെയധികം പേര്‍ക്ക്‌ നല്ല വിദ്യാഭ്യാസം കിട്ടി. വളരെയധികം പേര്‍ മാതൃകാപരമായ കുടുംബജീവിതം നയിക്കുന്നവരാണ്‌. വിശ്വാസപരിശീലനവേദിയില്‍ അദ്ധ്യാപകരാണ്‌. അതെല്ലാം ഓര്‍ത്ത്‌ നന്ദി പറയാനുള്ള അവസരം കൂടിയാണിത്‌. 
         വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍ ദളിത്‌ ക്രൈസ്‌തവരുടെ വളര്‍ത്തുപിതാവ്‌ തന്നെയായിരുന്നു. ക്രൈസ്‌തവ വിശ്വാസത്തിലേക്കു നമ്മെ ജനിപ്പിച്ചതും വളര്‍ത്തിയതും കുഞ്ഞച്ചനാണ്‌. പുണ്യവാനായ ചാവറയച്ചനും ഈ ദിവസങ്ങളില്‍ നമ്മള്‍ പ്രത്യേകമായി ഓര്‍മ്മിക്കുന്ന ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചനുമെല്ലാം ഈയൊരു വലിയ ശുശ്രൂഷ സന്തോഷകരമായി നിര്‍വ്വഹിച്ച വ്യക്തികളാണ്‌. ചരിത്രപരമായി വൈദികരുടെ പ്രത്യേകമായ ശ്രദ്ധ പതിഞ്ഞ ഒരു ജനവിഭാഗമാണ്‌ നമ്മള്‍ എന്നു തിരിച്ചറിയണം. അതുകൊണ്ടാണ്‌ നമ്മള്‍ ഈ സമ്മേളനം രാമപുരത്തു തന്നെ നടത്തിയതും.
             ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും കേരളസംസ്‌കാരത്തിന്റെയും പാലാ രൂപതയുടെ തനിമയുടെയും അടിത്തട്ട്‌ സമുദായമായി നില്‌ക്കുന്നത്‌ ദളിതരാണ്‌. നമ്മുടെ രൂപതയുടെ ചരിത്രം നമ്മള്‍ പഠിക്കുമ്പോള്‍ അടിത്തട്ടിലുള്ളതും അദ്ധ്വാനിച്ച്‌ പ്രകൃതിയോടു ചേര്‍ന്നു ജീവിച്ചതും ജാതിവ്യവസ്ഥകളുടെ എല്ലാ പീഡനങ്ങളേറ്റിട്ടും ഈ രാജ്യത്തെ നിരന്തരമായി വളര്‍ത്തിക്കൊണ്ടിരിക്കുന്നതുമായ ഒരു സമൂഹമാണ്‌ ദളിത്‌ ക്രൈസ്‌തവര്‍ എന്നു കാണാന്‍ കഴിയും. അതാണ്‌ നമ്മുടെ ആത്മാര്‍ത്ഥമായിട്ടുള്ള ഈ കൂടിവരവുകളുടെയെല്ലാം ലക്ഷ്യവും. 
        ജനാധിപത്യ ചിന്തകളിലും ഭാരതീയ മൂല്യങ്ങളിലും ഭാരതം മുമ്പോട്ടുവച്ചിട്ടുള്ള സെകുലറിസത്തിലും രാജ്യസ്‌നേഹത്തിലും ഭാരതത്തിന്റെ യഥാര്‍ത്ഥമായ ചരിത്രത്തിലുമെല്ലാം നമുക്ക്‌ നിര്‍ണ്ണായകമായ പങ്കുണ്ട്‌. തുടര്‍ന്നും നമ്മള്‍ പങ്കു വഹിക്കണം. അതുകൊണ്ടാണ്‌ ഞാന്‍ പറഞ്ഞത്‌ ഒരു കുട്ടിയെ എങ്ങനെയെങ്കിലും പഠിപ്പിച്ച്‌ കേരളത്തിനു വെളിയിലേക്കു വിടണം എന്ന വ്യഗ്രതയായിരിക്കരുത്‌ നമുക്കുണ്ടാവേണ്ടത്‌. മറിച്ച്‌, പഠിപ്പിച്ച്‌ രാജ്യം ഭരിക്കുവാനുള്ള സ്റ്റീല്‍ഡ്‌ ഫ്രെയിംവര്‍ക്കുകളായി അവരെ നമ്മള്‍ മാറ്റണം. 
        ഡി.സി.എം.എസിന്റെ സമുദായ ശക്തിയും ഐക്യവും വളരെ പ്രധാനപ്പെട്ടതാണ്‌. ഡി.സി.എം.എസിനൊരു സ്വത്വമുണ്ട്‌. ആ സ്വത്വത്തോടെ ഇവിടെയുള്ള വിശാല സമൂഹത്തോടു - പഴയ ക്രൈസ്‌തവരോടും ഹൈന്ദവരോടും - ചേര്‍ന്നുനിന്ന്‌ ജീവിക്കുമ്പോള്‍ നമുക്കു വളരെ പ്രത്യേകമായ സംരക്ഷണം കൂടി കിട്ടുന്നുണ്ട്‌ എന്നു തിരിച്ചറിയണം. വലിയ കൂടിച്ചേരലിന്‌ വളരെയേറെ അവസരങ്ങള്‍ നമുക്കുണ്ട്‌ എന്നുള്ള കാര്യമാണ്‌ ദൈവതിരുമുമ്പാകെ നന്ദിപൂര്‍വ്വം നില്‌ക്കാനായി നമ്മെ പ്രേരിപ്പിക്കുന്ന കാര്യം. 
        വിദ്യാഭ്യാസ മേഖലയില്‍ കുറെയെല്ലാം കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. തൊഴില്‍മേഖലയില്‍ ഇനിയും വളരെയേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌. ചേര്‍പ്പുങ്കല്‍ കേന്ദ്രമാക്കിനിര്‍മ്മിക്കുന്ന ആശുപത്രി പൂര്‍ണ്ണമായ രീതിയില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ വളരെയേറെപ്പേര്‍ക്ക്‌ ജോലി നല്‌കുവാന്‍ സാധിക്കും. നമ്മുടെയിടയില്‍ ഭവനസൗകര്യങ്ങളില്ലാത്തവരുണ്ട്‌. ഭവനങ്ങള്‍ വളരെ മോശമായിട്ടുള്ളവരുമുണ്ട്‌. അവരുടെയൊക്കെ കാര്യത്തില്‍ നാമെല്ലാവരും കൂടുതലായി ശ്രദ്ധിക്കണം. അതിനുവേണ്ടി ഒത്തൊരുമിച്ച്‌ പരിശ്രമിക്കണം. നമ്മുടെ രൂപതാ കേന്ദ്രത്തോടടുത്തുള്ള കുഞ്ഞച്ചന്‍ ഭവനില്‍ മാതാപിതാക്കള്‍ക്കുള്ള ക്ലാസ്സുകള്‍, പരിശീലനങ്ങള്‍, യുവജനങ്ങള്‍ക്കുവേണ്ടിയുള്ള ക്യാമ്പുകള്‍, ഡിസി.എം.എസ്‌ അദ്ധ്യാപകരുടെ കൂടിവരവുകള്‍ തുടങ്ങിയവ നടത്തിവരുന്നുണ്ട്‌. ഡി.സി.എം.എസിന്റെ ഭവനനിര്‍മ്മാണ പദ്ധതി, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെക്കുറിച്ച്‌ ആലോചിക്കുകയും അതിനെക്കുറിച്ച്‌ പരിചിന്തനങ്ങള്‍ നടത്തുകയും ചെയ്‌തിട്ടുണ്ട്‌. 
       
Next page