Mar Joseph Kallarangatt
Bishop of Palai, Kerala, India
വാക്കും പ്രവര്‍ത്തിയും കുടുംബത്തെയും സമൂഹത്തെയും പടുത്തുയര്‍ത്തുന്നതാകണം: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

പാലാ: വാക്കും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമുള്ളതമാണ്‌ ലളിതജീവിതം.. അത്തരത്തിലുള്ള ജീവിതമാണ്‌ കുടുംബത്തെയും സഭയെയും സമൂഹത്തെയും പടുത്തുയര്‍ത്താന്‍ ഏറ്റവും സഹായമാകുന്നത്‌ എന്ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പ്രസ്‌താവിച്ചു. അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന രൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രസ്‌ബിറ്ററല്‍ കൗണ്‍സിലിന്റെയും സംയുക്തസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയുടെ ചിന്തകളോടു ചേര്‍ന്നുനിന്ന്‌ ചെറിയ ചെറിയ കാര്യങ്ങളിലൂടെ കുടുംബത്തിനും സമൂഹത്തിനും ദിശാബോധം നല്‌കാന്‍ കഴിയണം. അതിന്‌ ഓരോന്നിനെക്കുറിച്ചും സമഗ്രമായ പഠനം ആവശ്യമാണ്‌. അതിന്‌ ഫലപ്രദമായവേദിയാണ്‌ ഈ സംയുക്തസമ്മേളനം എന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.
രൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രസ്‌ബിറ്ററല്‍ കൗണ്‍സിലിന്റെയും സുവര്‍ണ്ണജൂബിലി വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ചരിത്രപരമായ പഠനങ്ങളും വിലയിരുത്തലുകളും ഉണ്ടാകണമെന്നും ഉദ്‌ബോധിപ്പിച്ചു. മദ്യപാനം, കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍, ദളിത്‌ക്രൈസ്‌തവരുടെ പ്രശ്‌നങ്ങള്‍, അമിതമായ പരിസ്ഥിതിവാദം, ഹിംസ, നിരീശ്വരവാദം, അമിതമായ മതനിരപേക്ഷതാ കാഴ്‌ചപ്പാടുകള്‍ തുടങ്ങിയ വിഷയങ്ങള്‍ നിരന്തരമായ പഠനങ്ങള്‍ക്കു വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ വികാരി ജനറാള്‍ ഡോ. ജോസഫ്‌ കുഴിഞ്ഞാലില്‍ ആമുഖപ്രഭാഷണവും പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സിറിയക്‌ തോമസ്‌ മുഖ്യപ്രഭാഷണവും നടത്തി. പാസറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. ഫിലോമിന ജോസും പ്രസ്‌ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ്‌ ഞാറക്കുന്നേലും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. തുടര്‍ന്നു മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലിയുടെ മാര്‍ഗ്ഗരേഖ ``ആധുനികലോകത്തിലെ വെല്ലുവിളികളും സഭയുടെ പ്രത്യുത്തരവും'' എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നു. ഡോ. ജോസഫ്‌ കടുപ്പില്‍, ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍, പ്രൊഫ. റ്റി. സി. തങ്കച്ചന്‍ എന്നിവര്‍ മാര്‍ഗ്ഗരേഖയിലെ വിവിധ വിഷയങ്ങളെക്കുറിച്ചു പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അഭിവന്ദ്യ മാര്‍ ജേക്കബ്‌ മുരിക്കന്‍ സമാപന സന്ദേശം നല്‌കി. 

പാലാ രൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രസ്‌ബിറ്ററല്‍ കൗണ്‍സിലിന്റെയും സംയുക്തസമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ സംസാരിക്കുന്നു.
Bishop's House, Palai
P.B. No. 18
Pala P.O. - 686575
Kottayam, Kerala, India

Phone: 04822-202000
Fax:     04822-211379
Email: aramanapala@gmail.com (Office)
           bpkallarangatt@gmail.com (Personal)