Mar Joseph Kallarangatt
Bishop of Palai, Kerala, India
Bishop's House, Palai
P.B. No. 18
Pala P.O. - 686575
Kottayam, Kerala, India

Phone: 04822-202000
Fax:     04822-211379
Email: aramanapala@gmail.com (Office)
           bpkallarangatt@gmail.com (Personal)
സഹനത്തിലൂടെ സ്വര്‍ഗ്ഗം നിര്‍മ്മിച്ച പിതാവ്‌

(ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട്‌ പിതാവിന്റെ നാമകരണനടപടികളുടെ അതിരൂപതാതല സമാപനസമ്മേളനത്തില്‍ പിതാവിനെ അനുസ്‌മരിച്ച്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പിതാവ്‌ നടത്തിയ പ്രസംഗം)

        റോമിലെ ഏറ്റവും ആകര്‍ഷകമുള്ള പടങ്ങളിലൊന്നാണ്‌ കരവാജിയോ വരച്ച ഈശോ മത്തായിയെ വിളിക്കുന്നത്‌. ഈശോയുടെ മുഖത്തുനിന്ന പ്രകാശം മത്തായിയുടെ മുഖത്തേക്ക്‌ നല്ലതുപോലെ തെളിഞ്ഞുനില്‌ക്കുന്നു. ആ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന മേശയിലുള്ള കുറച്ചു പണവും മഷിയും പേനായും പിന്നീട്‌ അദ്ദേഹത്തിന്‌ എഴുതാനുള്ള സുവിശേഷത്തിലേക്കുള്ള സൂചനയാണ്‌. ആ ചിത്രം പിന്നീട്‌ ഒരുപാട്‌ ദൈവശാസ്‌ത്രജ്ഞന്മാര്‍ പഠിച്ചിട്ടുണ്ട്‌. സെന്റേ ബീഡ്‌ മത്തായിയെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌: കാരുണ്യപൂര്‍വ്വം അവനെ നോക്കിയിട്ട്‌ അവനെ വിളിച്ചു. പരി. ഫ്രാന്‍സിസ്‌ മാര്‍പാപ്പാ മെത്രാനായപ്പോള്‍ എടുത്ത ആപ്‌തവാക്യവും ഇതാണ്‌. കരുണാപൂര്‍വ്വം നോക്കി വിളിച്ചു. ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട്‌ പിതാവിന്റെ ജീവിതം നമ്മള്‍ പരിശോധിക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്കോടിയെത്തുന്നതും ഇതേ വാക്യം തന്നെയാണ്‌ - കരുണാപൂര്‍വ്വം നോക്കി വിളിച്ചു. കരുണയുടെ വര്‍ഷത്തില്‍ നമ്മള്‍ മദ്‌ബഹായില്‍ തൂക്കിയിരിക്കുന്ന ലോഗോയില്‍ ആലേഖനം ചെയ്‌തിരിക്കുന്ന വാക്യം ഇതാണ്‌ - പിതാവിനെപ്പോലെ കരുണയുള്ളവനായിരിക്കണം. കാവുകാട്ടു പിതാവിനെ അനുസ്‌മരിക്കുന്ന ഈ ചടങ്ങ്‌ നമുക്കു നല്‌കുന്ന സന്ദേശവും ഇതാണ്‌. കാവുകാട്ട്‌ പിതാവിനെപ്പോലെ കരുണയുള്ളവരായി പെരുമാറാന്‍ സാധിച്ചാല്‍ അത്‌ നമ്മുടെ സഭയിലെ വളരെ വലിയ ആദ്ധ്യാത്മിക ആഴമുള്ള വിപ്ലവം സൃഷ്‌ടിക്കാന്‍ നമുക്കെല്ലാവര്‍ക്കും സാധിക്കും. പിതാവിന്റെ ചിന്തകളും ഇടയലേഖനങ്ങളുമെല്ലാം അതായിരുന്നു. 

        കാവുകാട്ട്‌ പിതാവ്‌ ഒരുപാട്‌ സഹിച്ചിട്ടുണ്ട്‌, വേദനിച്ചിട്ടുണ്ട്‌. കുടിയേറ്റം, കുടിയിറക്ക്‌, വിദ്യാഭ്യാസ ബില്ല്‌ എന്നിങ്ങനെ പിതാവിന്റെ കാലഘട്ടത്തില്‍ ഉണ്ടായ ഒരുപാട്‌ കാര്യങ്ങളില്‍ പിതാവ്‌ വേദനിക്കുകയും വിഷമിക്കുകയും ചെയ്‌തിട്ടുണ്ട്‌. അവിടെയെല്ലാം പിതാവ്‌ താന്‍ എത്ര ചെറുതായാലും എത്രമാത്രം വേദനിച്ചാലും ദൈവത്തിന്റെ ഇഷ്‌ടം നിറവേറണം എന്നാണ്‌ ചിന്തിച്ചിരുന്നത്‌. ഒരു പഴഞ്ചൊല്ലുണ്ടല്ലോ: സ്വര്‍ഗ്ഗം ഇടിഞ്ഞുവീണാലും എന്റെ കാര്യം നടക്കണം. കാവുകാട്ട്‌ പിതാവ്‌ നേരെ തിരിച്ചാണ്‌ ചിന്തിച്ചത്‌. ഞാന്‍ എത്രമാത്രം സഹിച്ചാലു എന്റെ സഹനത്തിലൂടെ സ്വര്‍ഗ്ഗം പണിയപ്പെട്ടുകൊണ്ടിരിക്കണം. ആ ഒരു വലിയ ആദ്ധ്യാത്മികമായിട്ടുള്ള കാഴ്‌ചപ്പാട്‌ നല്‌കി നമ്മുടെ സഭയെ വളര്‍ത്തി വലുതാക്കിയ ശ്രേഷ്‌ഠനായ ആചാര്യനാണ്‌ കാവുകാട്ട്‌ പിതാവ്‌. പിതാവിന്റെ വീട്‌ പാലായിലെ പ്രവിത്താനത്താണ്‌. എന്റെയും ഇടവക അതായിരുന്നു. പിന്നീട്‌ അതിന്റെ ഒരു ഭാഗം കയ്യൂര്‍ ഇടവകയായി തിരിഞ്ഞതാണ്‌. മാതാപിതാക്കളും കാവുകാട്ട്‌ പിതാവും പിതാവിന്റെ കുടുംബവുമൊക്കെയായി വളരെ അടുത്ത ബന്ധം എക്കാലവും ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്‌. അങ്ങനെ വലിയ നിറവിന്റെയും ഹൃദയസന്തോഷത്തിന്റെയും തികവിലാണ്‌ ഞാന്‍ ഇവിടെ നില്‌ക്കുന്നത്‌. 

        വയലില്‍ പിതാവ്‌ വൈദികനായിരുന്ന കുഞ്ഞച്ചന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തിയ ആളായിരുന്നു. കുഞ്ഞച്ചനെക്കുറിച്ച്‌ വയലില്‍ പിതാവ്‌ എഴുതിയ ഒരു കാര്യമിതാണ്‌: ആര്യചരിതനായ കുഞ്ഞച്ചന്‍ താമസംവിന വിശുദ്ധന്മാരുടെ ഗണത്തിലേക്ക്‌ ചേര്‍ക്കപ്പെടും എന്ന്‌ ന്യായമായും നമുക്കു വിശ്വസിക്കാം. കുഞ്ഞച്ചനെക്കുറിച്ച്‌ വയലില്‍ പിതാവ്‌ പറഞ്ഞ ഈ കാര്യമാണ്‌ കാവുകാട്ട്‌ പിതാവിനെക്കുറിച്ച്‌ എനിക്കും പറയുവാനുള്ളത്‌. ആര്യചരിതനായ കാവുകാട്ട്‌ പിതാവ്‌ താമസംവിന വിശുദ്ധന്മാരുടെ ഗണത്തിലേക്ക്‌ ചേര്‍ക്കപ്പെടും എന്നു നമുക്കു വിശ്വസിക്കാം. അഭിവന്ദ്യ മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍ പിതാവ്‌ കാവുകാട്ട്‌ പിതാവിന്റെ വലിയ ഒരു ഇഷ്‌ടക്കാരനും പിതാവിനെപ്പറ്റി എപ്പോഴും സംസാരിക്കുന്ന വ്യക്തിയുമാണ്‌. കാവുകാട്ട്‌ പിതാവ്‌ നമുക്കു നല്‌കിയ ശക്തി ലാളിത്യത്തിന്റെയും വിനയത്തിന്റെയും ഔദാര്യത്തിന്റെയുമാണ്‌. അത്‌ പെരുന്തോട്ടം പിതാവിലൂടെയും പൗവ്വത്തില്‍ പിതാവിലൂടെയും നമ്മള്‍ തിരിച്ചറിയുന്നു.